സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Sunday, August 5, 2012

AIDS _the other side of life


കുറച്ചു മുതിര്‍ന്നു ബുദ്ധി ഉറക്കുംവരെ എല്ലാ കുട്ടികള്‍ക്കും ഉമ്മ വീടിനോട് ഇഷ്ട്ട കൂടുതല്‍ ഉണ്ടാകും.എനിക്കും അങ്ങിനെ തന്നെ ആയിരുന്നു.(ഈവയ്ക്ക് സാജിദ് എന്തോ കൂടോത്രം ചെയ്തു ബുദ്ധി നേരത്തെ ഉറപ്പിച്ചു ) മാസത്തില്‍ ഏതു അവധി വന്നാലും നാല്പതു കിലോ മീറ്റര്‍ അകലെ ഉള്ള എടപ്പാളിലെ ഉമ്മ വീട്ടില്‍ പോകും. മഴക്കാലം ആണെങ്ങില്‍ പിന്നെ സ്കൂളും ഇല്ല മദ്രസയും ഇല്ല .എല്ലാ കസിന്‍സും വരും .ഞങ്ങടെ സ്വന്തം കുളം നിറഞ്
ഞു കര കവിഞ്ഞു കിടക്കുന്നുണ്ടാകും . അത് നാട്ടുകാരുടെ കൂടെ സ്വന്തം കുളം ആണ്

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് ഞാന്‍ നീന്തല്‍ പഠിക്കുന്നത്.
അന്നൊക്കെ രാവിലെ ചായ കുടി കഴിഞ്ഞു ചില്ലറ സഹായങ്ങള്‍ ചെയ്തു മാമിമാരെ സന്തോഷിപ്പിച്ചു ഒരൊറ്റ പോക്കാണ് കുളത്തിലേക്ക് . സോപ്പും വേണ്ട തോര്‍ത്തും വേണ്ട. കണ്ണ് കലങ്ങി ചുമന്ന നിറമാകുമ്പോള്‍ വടിയുമായ് വെല്ലിമ്മ വരും. മുങ്ങാം കുഴിയിട്ട് വല്ല പൊത്തിലും വളര്‍ന്നു കിടക്കുന്ന കാറ്റ് വള്ളിക്കും മറഞ്ഞിരിക്കും ഞങ്ങള്‍. ..,തലകുത്തി മറിഞ്ഞും, ശ്വാസം പിടിച്ചു മുങ്ങി ഇരുന്നു റെക്കോര്‍ഡ്‌ ഇട്ടും , ഒളിപ്പിച്ചു വെച്ച ചകിരി മിസ്വാക് മുങ്ങി എടുത്തും ഞങ്ങള്‍ കുളം ഒരു ഹരം ആക്കി.. നേരം വെളുക്കാന്‍ കാത്തു കാത്തു ഉറങ്ങുന്ന രാത്രികള്‍.. , രാവിലത്തെ പല്ല് തേപ്പും മുഖം കഴുകലും ഒക്കെ കുളത്ത്തീന്നാണ് .

ഇതിനെല്ലാം ഒരു അറുതി വന്നത് ഒന്‍പതില്‍ എത്തിയപ്പോളാണ്. പെണ്‍കുട്ടികള്‍ എല്ലാം വലുതായി. പണ്ടത്തെ കുട്ടി ക്കളി അല്ല. ഒരു തികഞ്ഞ പെണ്ണാണ് . മലക്കം മറിഞ്ഞു എന്തെങ്ങിലും സംഭവിച്ചാല്‍. പോയില്ലേ കയ്യീന്ന്. ഉയരത്തില്‍ നിന്നും ചാടരുതെന്ന് താക്കീതുണ്ട്. ശരീരം അതികം ഇളകരുത്. പ്രസവിക്കാനുള്ളതാണ്. എങ്കിലും കണ്ണ് വെട്ടിച്ചു ഞങ്ങള്‍ വീണ്ടും കുട്ടികള്‍ ആകും. ആര്‍ക്കാണ് വലുതാകാന്‍ ഇഷ്ട്ടം .

അപ്പോഴേക്കും ഒരുമിച്ചു കളിച്ചിരുന്ന ഞങ്ങള്‍ക്കും ചെക്കന്മാര്‍ക്കും വെവേറെ ടൈം ടേബിള്‍ വന്നിരുന്നു.രാവിലെ വരുന്ന ചെക്കന്മാര്‍ കയറി പോകാതെ ഞങ്ങളെ കാത്തിര്പ്പിക്കും. കുതിര്‍ത്തു വെച്ച ചെറുപയര്‍ അരച്ചത് മായി കുളിക്കാന്‍ വെല്ലിമ്മ വരും. കണ്ണില്‍ പെട്ടാല്‍ എല്ലാറ്റിനും കിട്ടും തെറി . വെല്ലിമ്മയുടെ പുറം ചകിരി പൂന്തല്‍ കൊണ്ട് തേച്ചു കൊടുക്കുക. വേലിക്കലെ ചെമ്ബ്ബരത്തി ഇല കല്ലില്‍ കുത്തി പിഴിഞ്ഞ് താളി ഉണ്ടാക്കി കൊടുക്കുക എല്ലാം ഞങ്ങടെ ജോലിയാണ്. ചകിരിയുടെ ഒരു മെലിഞ്ഞു നീണ്ട മിസ്വാക് ആണ് വെല്ലിമ്മയുടെ ബ്രഷ് . മുറുക്കാന്‍ ഒക്കെ തുപ്പി കളഞ്ഞു , ആനെരത്ത് വീണ്ടും ഒരു പല്ല് തെപ്പുണ്ട്. അന്ന് എഴുപതിനോടടുത്ത് പ്രായം ഉണ്ട് അവര്‍ക്ക് . ഒരൊറ്റ മുടി നരച്ചിട്ടില്ല. മക്കളുടെത് പകുതിയോളം നര കയറി. ഈ താളിയും ചെറുപയറും ആണ് അതിന്റെ രഹസ്യം.കുളിയുടെ അവസാനം ഞങ്ങള്‍ നിര്‍ബന്ധിക്കുമ്പോ വെല്ലിമ്മ രണ്ടു റൌണ്ട് നീന്തും.ആ കാലിട്ടടിച്ച്‌ ഉള്ള വെല്ലിമ്മയുടെ നീന്തല്‍ ഇന്നും മനസ്സില്‍ മായാതെ

രാവിലെ ആണ്‍ കുട്ടികളുടെ തിമിര്‍ക്കല്‍ കഴിഞ്ഞു വെള്ളം തെളിയുംപോളെക്കും ഉച്ച്ചയാകും. അപ്പോളേക്കും വീട്ടിലെ പണി ഒതുക്കി പെണ്ണുങ്ങള്‍ വരും . നാട്ടു വര്ത്താനവും കളി ചിരിയുമായി അവര്‍ അലക്കും. ഞങ്ങള്‍ പെണ്‍കുട്ടികള്‍ കുളിയും കളിയും ഇടയ്ക്കു ചില ചില്ലറ കൈ സഹായം എന്ന നിലയില്‍ അലക്കി വെച്ച ഉടുപ്പുകള്‍ ഒലുംബി കൊടുക്കലും ആയി കൂടെ കൂടും .

പെണ്ണുങ്ങള്‍ ഏറെയും ഒരുമിച്ചു ഒരു സംഘം ആയാണ് വരിക. എന്തെന്ന്നാല്‍. കുളത്തിനു ചുറ്റും കഴുങ്ങും പറമ്പാണ്.പറമ്ബ്ബിന്റെ അതിരില്‍ വേലിപോലെ കാടും പടലവും ഉണ്ട് . ഓസിക്ക്‌ സീന്‍ കാണാന്‍ വരുന്നഎത്രയോ കശ്മലന്മാര്‍ കയ്യോടെ പിടിക്കപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച കല്‍ അവര്‍ക്കുള്ളതാണ്‌ . ജുമാ നമസ്കാരത്തിനു പോകുന്നതിനാല്‍. ആണായി ഒരു തരിപോലും പള്ളിക്ക് പുറത്ത് കാണില്ല. ആ ധൈര്യത്തില്‍ ആണ് ലവന്മാര്‍ വരുന്നത്.അലക്കല്‍ കഴിഞ്ഞു , പൊന്തക്കാടില്‍ വല്ലവരും ഹാജര്‍ ഉണ്ടോ എന്ന് രണ്ടു റൌണ്ട് ആദ്യം പരിശോധിക്കും . എന്നിട്ടേ കുളി തുടങ്ങു. അതും maxi ഇട്ടോണ്ട് .

എന്നാലും ഞങ്ങള്‍ കുട്ടികള്‍ ഇടയ്ക്കിടെ CID ആകും. ഒരു വെള്ളിയാഴ്ച സുഖം ഇല്ലാത്തതിനാല്‍ വീട്ടില്‍ മാമാനുള്ള സമയത്ത് ഏതോ ഹത ഭാഗ്യന്‍ പൊന്തകാടില്‍ വെച്ച കെണിയില്‍ കുടുങ്ങി. അന്ന് എടപ്പാള്‍ അങ്ങാടിയില്‍ അവന്‍റെ കോലം വരവായിരുന്നു.

അങ്ങിനെ ഇരിക്കുന്ന സമയത്താണ് ഒരു വിവരം കേള്‍ക്കുന്നത്.ഉമ്മ വീടിന്റെ ഒരു മതില്‍ അപ്പുറത്തുള്ള വീട്ടിലെ ഇത്താക്ക് ആര്‍ക്കും വരാന്‍ പാടില്ലാത്ത എയിഡ്സ് ആണെന്ന്. അന്ന് രാവിലെ കൂടെ പാല് മേടിക്കാന്‍ വന്നതാണ്. പശുവിനുള്ള കാടി വെള്ളം ഒഴിക്കാന്‍ അടുത്തുള്ള ചില വീടുകളില്‍ ബക്കറ്റ്‌ വെച്ചിട്ടുണ്ട് .അതെടുക്കാന്‍ ചെന്നപ്പോ "സിലു എപ്പളാടീ വന്നത് .. ഉമ്മന്ടോ .. " എന്നൊക്കെ ലോഹ്യം പറഞ്ഞ എന്‍റെ സൂറത്ത . അടഞ്ഞ മുറിയില്‍ വെച്ച് ഒരു മണി കിലുക്കിയാല്‍ എങ്ങിനെയോ അത് പോലെ മുഴക്കം ഉള്ള മണിനാദം പോലുള്ള ശബ്ദം ആണ് അവര്‍ക്ക്. ഇത്രേം നല്ല ശബ്ദം അതും വെത്യസ്ത്മായത് വേറെ കേട്ടിട്ടില്ല.സിനിമയില്‍ ടബ്ബ് ചെയ്യാന്‍ മാത്രം പോന്നത് .അങ്ങിനെ ഉള്ള അവര്‍ക്കാണ് ഈ അത്യാപത്ത്‌ വന്നു പെട്ടിരിക്കുന്നത്.

എയിഡ്സ് -AIDS -accured immuno deficiency syndrome HIV -human immuno virus എന്നൊക്കെ ക്വിസ് മത്സരങ്ങള്‍ക്ക് വേണ്ടി പഠിച്ചു വെച്ചിട്ടുണ്ട്. ഇത് നമുക്കൊന്നും വരാനുള്ളതല്ല. അത്രയ്ക്കും ഉടായിപ്പും തല്ലുകൊള്ളിത്തരവും കാണിക്കുന്നവര്‍ക്ക് ദൈവം ഇറക്കി കൊടുക്കുന്ന ഒരു ശിക്ഷ ആണെന്ന് സമാധാനിച്ചു ഇരിക്കുകയാണ് ഞാന്‍ .


സൂറത്ത
അവര്‍ക്ക് മൂന്ന് ആണ്മക്കള്‍ ആണ് . മൂത്ത കുട്ടി എന്‍റെ അനിയന്റെ പ്രായം. അവരോന്നിച്ചാണ് കളിയും മറിയും . വാപ്പ ബോംബെ യിലെ ഏതോ കമ്പനിയില്‍ ജോലിചെയ്യുന്നു. അത് കൊണ്ട് തന്നെ ഉമ്മയും മക്കളും എടപ്പാളില്‍ ആണ് താമസം. സ്കൂളും ഇവിടെ തന്നെ.
വാപ്പ വരുമ്പോള്‍ മാത്രം പൊന്നാനിയില്‍ പോകും.നാലാമത്തെ പ്രസവത്തിനു അഡ്മിറ്റ്‌ ചെയ്തപോളാണ് ഈ വിവരം അറിയുന്നത്. ആലോചിച്ചിട്ട് ഒരു അന്തവും കുന്തവും തിരിയുന്നില്ല.നമ്മുടെ സ്വന്തം സൂറാത്ത. എന്നും കുളത്തില്‍ മാമിയും അവരും ഒരുമിച്ചാണ് കുളിയും നനയും.

മാമിമാര്‍ക്കൊന്നും ഒരു പേടിയും ഇല്ല. സാധാരണ പനി വന്ന പോലെ ഈ അസുഖം മരുന്നില്ലാത്തതാനെന്നു അവര്‍ക്കറിയില്ലല്ലോ ,എനിക്കെന്തോ പേടി തോന്നി.ഞാന്‍ ആ വീടിന്റെ ഭാഗത്തേക്ക് നോക്കിയതെ ഇല്ല പിന്നെ .

പ്രസവം കഴിഞ്ഞു .. കുഞ്ഞിന്റെ കീറലും പാറലും (കൈ കുഞ്ഞുങ്ങള്‍ ക്ക് കെട്ടിക്കൊടുക്കുന്ന വെള്ള മല്ലു മുണ്ടാണ് ഈ കീറലും പാറലും , അഥവാ മൂത്രത്തുണി) മണ്ണാത്തി കുളത്തില്‍ കൊണ്ട് വന്നാണ് കഴുകുന്നത്. നീല നിറത്തില്‍ നിറഞ്ഞു കിടക്കുന്ന കുളം. ഒന്ന് മുങ്ങാന്‍ കുഴിയിടാനുള്ള ആഗ്രഹം ഉള്ളില്‍ അടക്കി ഞാന്‍ ആ സ്ത്രീയെ നോക്കി ഉള്ളില്‍ കരഞ്ഞു കരയ്ക്കല്‍ ഇരിക്കും.വിവരമുള്ള ഞാന്‍ സൂക്ഷിക്കണം അല്ലോ. "വിവരം "ഇല്ലാത്ത മാമിമാര്‍ യാതൊരു ശങ്കയും കൂടാതെ നിത്യാഭ്യാസം തുടര്‍ന്നു

ഈ വിവരം അറിഞ്ഞതില്‍ പിന്നെ അവരുടെ ഭര്‍ത്താവ് അങ്ങോട്ട്‌ വന്നതേ ഇല്ല. അയാള്‍ക്ക്‌ അസുഖം ഇല്ലെന്നും ഭാര്യ വഴി പിഴച്ച വളാനെന്നും എഴുതി തള്ളിയ അയാള്‍ ഉടനെ വേറെ പെണ്ണും കെട്ടി തിരിച്ചു പോയി.
എന്‍റെ സൂറത്ത അങ്ങിനെ ഒരാള്‍ ആയിരുന്നില്ല. അയാളെ കടിച്ചു കീറാനുള്ള ദേഷ്യം ഉള്ളില്‍. അണപൊട്ടി. പ്രസവ ശുശ്രൂഷ കഴിഞ്ഞു കിടക്ക വിട്ടെണീറ്റ അവര്‍ വീണ്ടും പാലിനും ഉപ്പിനും മുളകിനും ഞങ്ങടെ വീട്ടില്‍ വന്നു,പതിയെ പതിയെ എന്‍റെ പേടി ഒക്കെ പോയി.. ആ കുഞ്ഞു വാവയെ ഞാനും എടുത്തു കൊഞ്ചിക്കാന്‍ തുടങ്ങി.

അസുഖം ഒന്നും പ്രകടമായി തുടങ്ങിയിട്ടില്ല. ആരോഗ്യം നോക്കണം. എന്തോ ഒരു പച്ച മരുന്ന് , ഏതോ ലാട വൈദ്യന്‍ അങ്ങേര്‍ക്കു കഞ്ഞി കുടിക്കാന്‍ കണ്ടു പിടിച്ചത് വീട്ടില്‍ നാട്ടു വളര്‍ത്തി സൂറത്ത കഴിക്കുന്നുണ്ട്. അത്രേ ഉള്ളു. മാറും അങ്ങിനെ പറഞ്ഞത്രേ അയാള്‍. . ആ സമാധാനത്തില്‍ വര്‍ഷങ്ങള്‍ കടന്നു പോയി.

ഇതിനിടയ്ക്ക് ഒരു ദിവസം ഉമ്മയുടെ അനിയത്തി എന്‍റെ കുഞ്ഞാമ വിരുന്നു വന്നപ്പോള്‍ ശ്വാസം അടക്കി ഉമ്മാനോട് രഹസ്യം പറയുന്നു. ഒന്നും കേള്‍ക്കാത്തപോലെ കഥ പുസ്തകം വായിക്കുന്നു എന്നാ വ്യാജേന ഞാന്‍ എല്ലാം ഒളിച്ചു കേട്ടു. കുഞാമയുടെ നാത്തൂന്റെ വീട്ടിലെ ബോംബെയില്‍ ജോലിയുള്ള അനിയന്‍ തിരിച്ചു വന്നിരിക്കുന്നു എല്ലും തോലുമായി . തീരെ വയ്യ. നോക്കുമ്പോള്‍ എയിഡ്സ് ആണ്. വിവാഹിതനല്ല .വയസായ ഉമ്മയും ഉപ്പയും . ഏര്‍വാടി യില്‍ കൊണ്ട് ചെന്നാക്കി അയാളെ . വല്ലതും ഉണ്ടേല്‍ അവര്‍ വിവരം അറിയിക്കും. പോയി കാണാം. മരിച്ചാല്‍ മയ്യത്ത് കുളിപ്പിക്കാന്‍ പോലും ആളെ കിട്ടില്ല പോലും. യാ ഇലാഹെ.. ഉമ്മ ദീര്‍ഗ ശ്വാസം വലിച്ചു.


ഇതിനിടയില്‍ സൂറാത്ത തറവാട് വിട്ടു വേറെ വീട്ടിലേക്കു താമസം മാറി. മക്കള്‍ വലുതാവുക യാണ്. ഏറ്റവും ചെറുത് മൂന്നാം ക്ലാസില്‍ എത്തി. ഇടയ്ക്കിടക്ക് സൂരാത്തയ്ക്ക് പനി വരുന്നുണ്ട്. ഉമ്മ കാണാന്‍ പോയി. "സിലൂന്റെ കല്ലിയാനം ഉറപ്പിച്ച്ചല്ലേ. നല്ലതാക്കട്ടെ റബ് . അവളോടൊന്ന് പറ്റൊങ്കി വരാന്‍ പറയീ "

ഉമ്മ വന്നു വിവരം പറഞ്ഞു ,ആകെ ശോഷിച്ചു ആളറിയില്ല. ആ വെളുത്തു ചന്തമുള്ള മുഖം മനസില്‍ മാറാതിരിക്കട്ടെ എന്ന് കരുതി ഞാന്‍ പോയില്ല. കല്ലിയാണം കഴിഞ്ഞു ആദ്യത്തെ വിരുന്നിനു ചെന്നപ്പോ ഉമ്മ പറഞ്ഞു അവര്‍ പോയെന്നു. അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല . എനിക്ക് വട്ടാണെന്ന് സാജിദ് പറഞ്ഞപ്പോ ആദ്യമായി എനിക്കങ്ങേരോട് ദേഷ്യം തോന്നി..

ഈവയെ ഗര്‍ഭമുള്ള സമയം HIV ടെസ്റ്റ്‌ ഉണ്ട് . അതിന്റെ റിസള്‍ട്ട്‌ മേടിക്കാന്‍ സാജിദ് ഇനെ പറഞ്ഞു വിട്ടു. എനിക്കെന്നെ തന്നെ വിശ്വാസം ഇല്ല . ഇടയ്ക്കു വിളിച്ചു ചോദിച്ചു.. എല്ലാം ഓക്കേ അല്ലെ. എന്‍റെ ഉള്ളിലെ കുഞ്ഞു പേടി അതിപ്രാവശ്യവും ഉണ്ടായിരുന്നു. റിസള്‍ട്ട്‌ -ve ആണെന്ന് സിസ്റ്റര്‍ എന്നോട് പറഞ്ഞപ്പോള്‍ ആണ് ശ്വാസം നേരെ വീണത്‌. .
അതിന്റെ ആഹ്ലാദ പ്രകടനം ആണ് അന്ന് നിങ്ങള്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ആയി കണ്ടത്.
 

No comments: