സമൂഹത്തെ പ്രീതി പെടുത്താന്‍ ആണെങ്കില്‍ പേന എടുക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ ധീര എഴുത്ത് കാരി മാധവികുട്ടിയ്ക്ക്

Tuesday, October 13, 2015

ഞാന്‍ ഞാനായി

അന്ന് ഒരു ഞായര്‍ ആഴ്ച ആയിരുന്നു.. എട്ടാം ക്ലാസ് കൊല്ല പരീക്ഷ കഴിഞ്ഞ സമയം. ഞാന്‍ എടപ്പാളില്‍ , ഉമ്മയുടെ വീട്ടില്‍ ഒരു കസിന്‍റെ കല്ല്യാണം കൂടാന്‍ വന്നതാണ്. കോട്ടക്കല്‍ നിന്നും ദൂരം കൂടുതല്‍ ഉള്ളതിനാല്‍ ഞങ്ങള്‍ കുടുംബ സമേതം തലേ ദിവസമേ എത്തി..
പൊന്നാനിയില്‍ നിന്നും കുഞ്ഞുമ്മയും കണ്ടനകത്ത് നിന്ന് മൂത്തുമ്മയും, കുട്ടികളുമായി വരാന്‍ വെയിറ്റ് ചെയ്യുകയാണ്.അടുത്തുള്ള പ്രദേശങ്ങള്‍ ആയതിനാല്‍ അവരൊക്കെ അന്നേ ദിവസമേ വരൂ..
വേനലവധിക്ക് സ്കൂള്‍ അടച്ചതിനാല്‍ കല്ല്യാണം കൂടി കഴിഞ്ഞു തള്ളമാര്‍ തിരിച്ചു പോയാലും കുറച്ചു ദിവസം ഞങ്ങള്‍ കസിന്‍സ് ഒക്കെ ഉമ്മ വീട്ടില്‍ ഉണ്ടാകും .
വെയില് കാരണം,ഉമ്മ വീട്ടിലെ മെയിന്‍ അട്ട്രാക്ഷന്‍ ആയ കുളം , ഒരു കുന്ന് ചളിയും അടിയില്‍ അവശേഷിപ്പിച്ചു വറ്റി വരണ്ടിരിക്കുന്നു .. കുളത്തിന്റെ ചുമരില്‍ വെള്ളം ഇറങ്ങി തെളിഞ്ഞു വന്ന മടകളില്‍ പാമ്പിന്റെ വള /ഉറ കാറ്റത്ത് ഇളകിയാടി തൂങ്ങി കിടന്നു ഭയപ്പെടുത്തുന്നതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ അടുത്ത മഴക്കാലം വരെ ഇനി അങ്ങോട്ടില്ല..
പകരം പഴുത്തു വീണ അമ്പഴങ്ങ ഈമ്പി വലിച്ചും, വവ്വാല്‍ ചപ്പി ഉപേക്ഷിച്ച ബദാം മുട്ടി പൊളിച്ചു പരിപ്പെടുത്തു കൊറിച്ചും കൂരടയ്ക്ക പെറുക്കി കൂട്ടിയും അവിടത്തെ വെളിച്ചം കടക്കാത്ത അടയ്ക്കാ തോട്ടത്തില്‍ ഉഴറി നടക്കും.
പത്ത് പതിനൊന്നു മണിയാകും കല്യാണത്തിന് പോകാന്‍ ,എല്ലാരും എത്തി ചേരാന്‍. അതുവരെ സമയം ഉണ്ട്. കല്ല്യാണം ആയതിനാല്‍ പ്രത്യേകിച്ച് പണി ഒന്നും ഇല്ല. എല്ലാരും വന്നെത്തിയാല്‍ ഒരു ടാക്സി പിടിച്ചു അട്ടിക്കിരുന്നു കല്യാണ സ്ഥലത്തേക്ക് വെച്ചടിക്കുക.
ഒറ്റയ്ക്കിരുന്നു ബോര്‍ അടിച്ച ഞാന്‍ പറമ്പിലൂടെ ഉലാത്താന്‍ ഇറങ്ങി.
തലേ ദിവസം വെള്ളം തേവിയ ചാലുകളില്‍ നല്ല പൊടി മണ്ണ് നനഞ്ഞു പുതിര്‍ന്നു കിടപ്പുണ്ട് . കളിക്കാന്‍ നേരത്ത് മണ്ണപ്പം ചുടാനും ചട്ടിയും കലവും ഉണ്ടാക്കാനും മണ്ണ് അന്വേഷിച്ചു വേറെ എവിടേം പോണ്ട.
കല്ല്യാണം കൂടി തിരിച്ചെത്തിയാല്‍ , നേരെ വന്നു കളികളില്‍ വ്യാപൃതയാകാം എന്ന് കണക്കു കൂട്ടി, നന കഴിഞ്ഞു വാപ്പ (ഉമ്മയുടെ ഉപ്പ ) പണപ്പില്‍ ഉപേക്ഷിച്ചു പോയ വെള്ളം തേവാന്‍ ഉപയോഗിക്കുന്ന പാള എടുത്തു കയ്യില്‍ ആവാതെ കാലു കൊണ്ട് കുറേ നല്ല , കല്ലില്ലാത്ത നനഞ്ഞ മണ്ണ് ഞാന്‍ വടിച്ചു ശേഖരിച്ചു വെച്ചു.
കുളി കഴിഞ്ഞു മണ്ണില്‍ കളിച്ചതിനു അമ്മായിയോ ഉമ്മയോ വഴക്ക് പറയണ്ട എന്ന് കരുതി വേഗം കിണറ്റിന്‍ കരയില്‍ ചെന്ന് ഒരു പാട്ട വെള്ളം കോരി കാലു കഴുകി വൃത്തിയാക്കാന്‍ ഒരുങ്ങുമ്പോള്‍ ആണ് ഒലിച്ചിറങ്ങിയ പോലത്തെ ചുമന്ന രണ്ടു വരകള്‍ കാലില്‍ നീളത്തില്‍ ഞാന്‍ കണ്ടത്..
കാലാകാലങ്ങളില്‍ സ്ത്രീ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കുറിചുള്ള പല രഹസ്യ ചര്‍ച്ചകളിലും സജീവമായി പങ്കെടുത്ത മുന്‍ പരിചയം ഉണ്ടായിരുന്നതിനാല്‍ പലര്‍ക്കും സംഭവിച്ചിരുന്ന പോലെ എനിക്ക് തല കറങ്ങിയില്ല. എന്നാലും നല്ലൊരു കല്യാണ ദിവസം ആയിട്ട് എല്ലാരും വരുന്ന ദിവസം തന്നെ ഈ അത്യാഹിതം എനിക്ക് വന്നു പെട്ടല്ലോ എന്നോര്‍ത്ത് ഉള്ളില്‍ അമര്‍ഷം തോന്നി.
ഇനിയിപ്പോ എന്ത് ചെയ്യും.. ആരോട് പറഞ്ഞാലും സംഭവം ഫ്ലാഷ് ന്യൂസ്‌ പോലെ പറക്കും.രഹസ്യ സൊബാവം ഉള്ള സംഗതി ആണെങ്കിലും സംഭവംപെട്ടെന്ന് പരസ്യം ആകും.കല്ല്യാണത്തിന് ബിരിയാണി തിന്നുന്നതിലും ശ്രദ്ധ പിന്നെ ആളുകള്‍ക്ക് എന്നെ തിന്നുന്നതില്‍ ആകും.
എന്നെ പിന്നിലാക്കി കുടുംബത്തിലെ ശുഷ്ക ഗാത്ര കളായ മറ്റു സുന്ദരികള്‍ പ്രായപൂര്‍ത്തി ആയി നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി.. അവരുടെ ഒക്കെ തീണ്ടു കല്യാണങ്ങളില്‍ പങ്കെടുത്ത് , എനിക്കൊന്നും പറ്റിയില്ലേ എന്ന് , ഹുങ്കില്‍ ഞെളിഞ്ഞു നടന്നതാണ് .
അന്നോക്കെ അവരുടെ ചുറ്റും കൂടി നിന്ന് മുതിര്‍ന്ന സ്ത്രീ ജനങ്ങള്‍ കളിയ്യാക്കലുകള്‍ ഒളിച്ചു വെച്ച സംഭാഷണ ശകലങ്ങള്‍ എറിഞ്ഞു ചിരിക്കുമ്പോള്‍ , എനിക്കൊന്നും മനസിലാകുന്നില്ലേ എന്നാ ഭാവത്തില്‍ അടുത്തിരുന്നു ഉള്ളില്‍ ഊറി ഊറി ചിരിച്ചിട്ടുണ്ട്.. ആരും കാണാതെ..
ഞാനിപ്പോളും കുട്ടിയാണ്.. എനിക്ക് ആണ്‍കുട്ടികളുടെ കൂടെ കളിക്കാം കുളിക്കാം , കുളത്തില്‍ ചാടാം.. പ്രായത്തില്‍ ഇളയവര്‍ വരെ ചുവപ്പ് സിഗ്നല്‍ കണ്ടു താന്താങ്ങളുടെ " കുട്ടിക്കാലം" മനസില്ലാ മനസോടെ കട്ടപ്പുറത്ത് കയറ്റി സ്റ്റാന്റ് വിട്ടപ്പോളും എന്‍റെ പച്ച സിഗ്നല്‍ കത്തി തന്നെ കിടന്നു. എന്നാല്‍ അതാണ്‌ പെട്ടെന്നൊരു സുപ്രഭാതത്തില്‍ കെട്ടു പോയിരിക്കുന്നത്. ഇന്നത്തോടെ എല്ലാം തീര്‍ന്നു കിട്ടി
ഓര്‍ക്കുംതോറും തികട്ടി വന്ന അരിശം ഉള്ളില്‍ ഒതുക്കി ഞാന്‍ കുളിപ്പുരയിലേക്ക് നടന്നു. ഇനി അധികം ആളുകള്‍ അറിയാതെ സംഗതി ഒളിപ്പിക്കണം. ഗര്‍ഭം ഒന്നും അല്ലല്ലോ , പുറം ലോകം നോക്കി കണ്ടുപിടിക്കാന്‍.. എല്ലാം കഴുകി വൃത്തിയാക്കി , ആരും അറിയാതെ നേരെ തട്ടും പുറത്തേക്കു വെച്ചടിച്ചു.
പണ്ട് വലിയ മാമന്‍ ഉരു കയറി വന്നപ്പോ പേര്‍ഷ്യയില്‍ നിന്ന്കൊണ്ട് വന്ന വലിയ ഒരു തുകല്‍ പെട്ടി ഉണ്ട്. പഴയ തുണികള്‍ കൂട്ടിയിടാന്‍ വല്ല്യുമ്മ ഉപയോഗിക്കുന്ന ഒന്ന് .സാറ്റ് (ഒളിച്ചുകളി )കളിക്കുമ്പോള്‍ കയറി ഒളിക്കുന്നത്‌ അതിലാണ്.
കുടുംബത്തിലെ സ്ത്രീ ജനങ്ങള്‍ കാലാ കാലങ്ങളില്‍ നേരത്തും നേരം തെറ്റിയും ആ പെട്ടിയിലേക്ക് മുങ്ങാം കുഴിയിട്ട് നിധി തപ്പും പോലെ എന്തോ തപ്പിഎടുത്തു ചുരുട്ടി മടക്കി ആരും കാണാതെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കുളിപ്പുരയിലെക്കോ , മുറികളുടെ ഇരുണ്ട മൂലകളിലെക്കോ പതുങ്ങി നടക്കുന്നത് ഞാന്‍ പലപോള്‍ ആയി വീക്ഷിചിട്ടുണ്ട്. എന്താണ് സംഭവം എന്ന് അന്വേഷിചിട്ടില്ലെങ്കിലും, സ്ത്രീകളെ അത്യാഹിത ഘട്ടങ്ങളില്‍ രക്ഷപെടുതുന്ന എന്തോ ഒന്ന് ആ പെട്ടിയില്‍ ഉണ്ടെന്നും എന്നെകിലും ഒരിക്കല്‍ അതെനികും രക്ഷയാകും എന്നും ഞാന്‍ മനസിലാക്കി വെച്ചിരുന്നു.
കയറിപോകുന്നത് ആരും അറിയരുത്. കോണിയുടെ മരപ്പലകള്‍ ഇളകി കിടപ്പുണ്ട്. സൂക്ഷിച്ചു പതുക്കെ പതുക്കെ ഒരു സര്‍ക്കസ് അഭ്യസിയെ പോലെ ഞാന്‍ ഒരു വിധം പടികള്‍ കയറി മുകളില്‍ എത്തി.
എനിക്ക് വേണ്ടുന്ന സാധനം ,രണ്ടു കഷ്ണം ഒരു ഊഹം വെച്ച് അളന്നു കീറി എടുത്തു.
ഒന്ന് അപ്പോള്‍ ഉപയോഗിക്കാനും. ഒന്ന് സ്റ്റെപ്പിനിക്കും . ഒരു മുന്‍കരുതല്‍.സിറ്റുവേഷന്‍ അറിയുന്ന പോലെ സേഫ് ആക്കി ഞാന്‍ കല്യാണത്തിന് പോകാന്‍ വസ്ത്രം മാറാന്‍ നടന്നു. പൊട്ടി തുടങ്ങിയ ഒരു അഗ്നി പര്‍വതം ആരും അറിയാതെ ഒളിപ്പിച്ചു ഉള്ളില്‍ ചുമക്കുന്നതിന്‍റെ ടെന്‍ഷനില്‍ , കല്ല്യാണം കൂടാന്‍ മറ്റു പാരാവാരങ്ങള്‍ എത്തി ചേര്‍ന്നത്‌ ഞാന്‍ ശ്രദ്ധിച്ചില്ല.
വണ്ടി വന്നു. എല്ലാരും കുത്തി തിരക്കി ഉള്ളില്‍ കയറി. വലിയവര്‍ എല്ലാം സീറ്റില്‍ ഞങ്ങള്‍ കുട്ടികള്‍ അവരുടെ മടിയില്‍. കഷ്ട്ടകാലത്തിനു എനിക്ക് സൂത്രക്കാരി ആയ ഉമ്മയുടെ അനിയത്തി കുഞ്ഞുമ്മയുടെ മടിയില്‍ ആണ് സീറ്റ് കിട്ടിയത്. എങ്ങും തൊടാത്ത പോലെ ഞാന്‍ പൊങ്ങി ഇരുന്നു. അമര്ന്നിരിക്കാന്‍ പേടി. സ്പര്‍ശനേ അവര്‍ എങ്ങാനും കണ്ടു പിടിച്ചാലോ..
പ്രായം കൊണ്ട് സമം ആണെങ്കിലും എന്നെക്കാള്‍ ശരീര വളര്‍ച്ച കുറഞ്ഞ അവരുടെ മകള്‍ ഏഴാം ക്ലാസില്‍ വെച്ച് തന്നെ കാലം തെറ്റി വലിയകുട്ടി ആയതിനാല്‍ കുഞ്ഞുമ്മക്ക് വിഷമം ഉണ്ട്. ഞാനും ഉമ്മയും , പ്രാപഞ്ചികമായി വന്നു ഭാവിച്ച , ചില ഭീകര സത്യങ്ങള്‍ ഒളിപ്പികുക ആണെന്ന് ആണ് അവരുടെ ഭാഷ്യം. അത് പൊളിക്കാന്‍ വേണ്ടി തരം കിട്ടുമ്പോള്‍ ഒക്കെ അവരെന്നെ വേണ്ടിടത്തും വേണ്ടാത്തിടത്തും വെച്ച്, അര്‍ഥം വെച്ച് സംസാരിച്ച് ഉള്ളുകള്ളി അറിയാന്‍ ശ്രമിക്കാര്‍ ഉണ്ട്.
അങ്ങിനെയുള്ള അവരുടെ മടിയില്‍ ആണ് എനിക്ക് സീറ്റ് കിട്ടിയിരിക്കുന്നത്.. ഭാഗ്യ ദോഷം എന്നല്ലാതെ എന്ത് പറയാന്‍.. ഞാന്‍ മുള്ളില്‍ ഇരിക്കുംപോലെ കാലുകളില്‍ ബലം കൊടുത്തു എവിടേം അമരാതെ പതുങ്ങി ഇരുന്നു..
ഡ്രൈവര്‍, വല്ല്യുമ്മ , ചിടുക്കാസുകള്‍ ആയ മൂന്നു പേര കുട്ടികള്‍ മുന്നില്‍. രണ്ടു അമ്മായിമാരും കുഞ്ഞുമ്മയും എന്റെ ഉമ്മയും ഓരോരുത്തരുടെയും മടിയിലും തുടയിലും ആയി ആണും പെണ്ണും ഇടകലര്‍ന്നു ഞങ്ങള്‍ നാല് കസിന്‍സ്. ശ്വാസം വിടാന്‍ ഇടം ഇല്ലാത്ത വണ്ടി.അതിനുള്ളില്‍ ബോംബു പൊട്ടുന്ന അവസ്ഥയില്‍ ഞാന്‍. വണ്ടി പുറപ്പെട്ടു.
"സിലുമോളെ ഇങ്ങട്ട് അമര്‍ന്നു ഇരുന്നോ മോളെ.." ഓരോ അഞ്ചു മിനിട്ടിലും കുഞ്ഞുമ്മ പറയാന്‍ തുടങ്ങി.. ഞാന്‍ വിയര്‍ത്തു കുളിക്കാനും. ഏതോ ഒരു ഗട്ടറില്‍ വണ്ടി ചാടിയതും ബാലന്‍സ് പോയ ഞാന്‍ അറിയാതെ അവരുടെ മടിയിലേക്ക്‌ അമര്‍ന്നു ഇരുന്നു.
അനുഭവത്തിന്‍റെ വെളിച്ചത്തില്‍ കുഞ്ഞുമ്മ ആ രഹസ്യം സ്പര്‍ശിച്ചു അറിഞ്ഞു. കട്ടി കുറഞ്ഞ എന്‍റെ കുട്ടി പാന്റീസ് ഇന് പതിവില്ലാത്ത ഒരു കനം.
"ഐഷാത്താ......" എന്ന് കുഞ്ഞുമ്മ ഉമ്മയെ വിളിച്ച വിളി ആ അമ്ബാസടര്‍ കാറിന്റെ കുടുകുടു ശബ്ദത്തില്‍ മുങ്ങി പോകാതെ മറ്റുള്ളവരിലേക്കും വേഗത്തില്‍ അലയടിച്ചു.

1 comment:

ajith said...

ഇപ്പഴൊക്കെയാണെങ്കില്‍ ടാം‌പണ്‍ കൊണ്ട് പ്രതിരോധിക്കാമായിരുന്നു. പൊടിപോലും സംശയത്തിനിടനല്‍കാതെ!!